- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനനായകൻ' ഇനി എന്താകും എന്ന് അറിയത്തില്ല; ജീവിതം മുന്നോട്ട് പോകണ്ടേ; അടുത്ത സിനിമയിലേക്ക് കടന്ന് സംവിധായകൻ എച്ച് വിനോദ്; നായകനാകാൻ സൂര്യ

പ്രമുഖ സംവിധായകൻ എച്ച് വിനോദ് നടൻ സൂര്യയുമായി ഒരു പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. അതേസമയം, ദളപതി വിജയ് നായകനായ അദ്ദേഹത്തിന്റെ 'ജനനായകൻ' എന്ന ചിത്രം സെൻസർ തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും കാരണം റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ജനുവരി 9-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന 'ജനനായകൻ' സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ടതിനാലുമാണ് വൈകുന്നത്. തുടർച്ചയായ തിരിച്ചടികൾ നേരിട്ടതിനെത്തുടർന്ന്, സിനിമയുടെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ താൽപ്പര്യമുണ്ടെന്ന് നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
'ജനനായകൻ' റിലീസിനായുള്ള കാത്തിരിപ്പിനിടെയാണ് എച്ച് വിനോദ് തന്റെ അടുത്ത പ്രൊജക്റ്റിലേക്ക് കടന്നിരിക്കുന്നത്. തെലുങ്ക് 123 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, എച്ച് വിനോദ് സൂര്യയോട് പുതിയൊരു കഥ പറഞ്ഞിട്ടുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകനിൽ' വിജയ്‌ക്ക് പുറമെ മലയാളത്തിന്റെ മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, നാസർ, സുനിൽ, റെബ മോണിക്ക ജോൺ, മോനിഷ ബ്ലെസ്സി, ബാബ ഭാസ്കർ, നിഴൽഗൾ രവി, രേവതി, ശ്രീനാഥ്, ജേസൺ ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇത് വിജയ്‌യുടെ അവസാന ചിത്രമാണിത് എന്ന പ്രത്യേകതയും 'ജനനായകനു'ണ്ട്. 1000 കോടി കളക്ഷൻ നേടി സിനിമയിൽ നിന്ന് വിരമിക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഒരു ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിനിടയിലും, തന്റെ അടുത്ത വലിയ പ്രൊജക്റ്റിലേക്ക് നീങ്ങുന്ന എച്ച് വിനോദിന്റെ തീരുമാനം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാകുകയാണ്.


