- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗോളം' സംവിധായകൻ സംജാദ് ഒരുക്കുന്ന വാംപയർ ത്രില്ലർ; ആകാംഷ വർധിപ്പിച്ച് 'ഹാഫി'ൻ്റെ പുതിയ പോസ്റ്റർ

കൊച്ചി: അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വാംപയർ ത്രില്ലർ ചിത്രം 'ഹാഫി'ൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. 'ഗോളം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ സംജാദും നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി കെ യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 'ഹാഫ്: ദ് ക്രോണിക്കിൾസ് ഓഫ് ടൂ ഹാഫ് ബ്രെഡ് വാമ്പയർസ്' എന്ന് പൂർണ്ണ പേരുള്ള ഈ ചിത്രം വാമ്പയർ മിത്തോളജിയുടെ പശ്ചാത്തലത്തിൽ പ്രതികാരം, അതിജീവനൻ, വ്യക്തിത്വം എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നു.
ചിത്രത്തിലെ സംഘർഷങ്ങളും നിഗൂഢതയും പുതിയ പോസ്റ്ററിൽ പ്രതിഫലിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒരുങ്ങുന്ന പാൻ-ഇന്ത്യൻ ചിത്രമാണിത്. ഏറെക്കാലത്തിന് ശേഷം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും 'ഹാഫ്' സാക്ഷ്യം വഹിക്കുന്നുണ്ട്. 'കണ്ണെഴുതി പൊട്ടും തൊട്ട്', 'ഗ്രീറ്റിങ്സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ അബ്ബാസിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഹോളിവുഡ് ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന് ആഗോള നിലവാരം നൽകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ദേശീയ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിനു പിന്നിൽ അണിനിരക്കുന്നത്. 'ആട്ടം' സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും, 'ലൂസിഫർ', '2018' തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു.
പപ്പിനുവാണ് ഛായാഗ്രഹണം. 'റോഷാക്ക്', 'ഓസ്ലർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ സംഗീതവും, സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രഞ്ജിത് സജീവും ഐശ്വര്യ രാജും ചിത്രത്തിലെ വാമ്പയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അമല പോൾ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നു. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് 'ഹാഫ്' നിർമ്മിക്കുന്നത്.


