ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തിയേറ്ററുകളിലെ അവസാന പ്രകടനമായി കണക്കാക്കപ്പെടുന്ന 'ജനനായകന്‍' എന്ന ചിത്രത്തില്‍ മലയാളിയായ പ്രശസ്ത റാപ്പര്‍ ഹനുമാന്‍ കൈന്‍ഡ് എത്തുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ ഹനുമാന്‍ കൈന്‍ഡ് പാടുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഹനുമാന്‍ കൈന്‍ഡിന്റെ ഗാനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബിഗ് ഡ്വാഗ്സ്, റണ്‍ ഇറ്റ് അപ്പ് തുടങ്ങിയ ആഗോള ശ്രദ്ധ നേടിയ ട്രാക്കുകള്‍ ചെയ്താണ ഹനുമാന്‍ കൈന്‍ഡ് ശ്രദ്ധിക്കപ്പെടുന്നത്. അനിരുദ്ധും ഹനുമാനും ഒന്നിക്കുന്നതുകൊണ്ട് തന്നെ ട്രാക്ക് എക്സ്പെക്ടേഷന്‍ വളരെ ഉയരത്തിലാണ്. രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ് യുടെ അവസാനമായി ഇറങ്ങുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍.

വിജയ്യോടൊപ്പം പൂജ ഹെഗ്ഡെയും ബോബി ഡിയോളും അഭിനയിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 9 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. വിജയ്യുടെ അവസാന ചിത്രമായതിനാല്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷകളാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

ഇവരെ കൂടാതെ പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ.വി.എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണയാണ് ചിത്രം നിര്‍മിക്കുന്നത്.