- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അല്ലുഅർജുൻ' വീണ്ടും വരുന്നു; 20 വർഷത്തിന് ശേഷം 'ഹാപ്പി' കേരളത്തിൽ റീ-റിലീസിന്; ഏപ്രിൽ എട്ടിന് 4കെ മികവിൽ തീയറ്ററുകളിൽ; കാത്തിരിപ്പിൽ ആരാധകർ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട 'സ്റ്റൈലിഷ് സ്റ്റാർ' അല്ലു അർജുന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രം 'ഹാപ്പി' വീണ്ടും വെള്ളിത്തിരയിലേക്ക്. 20 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക തികവോടെയാണ് ചിത്രം റീ-റിലീസിനൊരുങ്ങുന്നത്. അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ എട്ടിന് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
അന്യഭാഷാ നടന്മാരിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് അല്ലു അർജുൻ. 'ആര്യ', 'ഹാപ്പി', 'കൃഷ്ണ' തുടങ്ങിയ സിനിമകളിലൂടെയാണ് അല്ലു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട 'മല്ലു അർജുനായി' മാറിയത്. ഇതിൽ എ. കരുണാകരൻ സംവിധാനം ചെയ്ത 'ഹാപ്പി' കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയമാണ് അന്ന് സ്വന്തമാക്കിയത്.
ഗീത ആർട്‌സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസനാണ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്. 4കെ അൾട്രാ ഇംപാക്റ്റ് സാങ്കേതിക വിദ്യയിലാണ് ചിത്രം ഒരുങ്ങുന്നത്. മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നതാണ് ഈ രണ്ടാം വരവിന്റെ ലക്ഷ്യം.
2006-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജെനീലിയ ഡിസൂസയായിരുന്നു നായിക. മനോജ് ബാജ്‌പേയിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. യുവാൻ ശങ്കർ രാജ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. അല്ലു അർജുന്റെ ചടുലമായ നൃത്തച്ചുവടുകളും കോമഡി രംഗങ്ങളും വീണ്ടും വലിയ സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.


