കൊച്ചി: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച 'ഹാപ്പി വെഡ്ഡിങ്ങി'ന് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ഒമർ ലുലു തന്നെയാണ് തന്റെ കന്നി ചിത്രത്തിന്റെ രണ്ടാം ഭാഗം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിന്റെ അതേ ഴോണറിൽ തന്നെയാകും പുതിയ ചിത്രവും ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ൽ പുറത്തിറങ്ങിയ 'ഹാപ്പി വെഡ്ഡിങ്' ഒമർ ലുലുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

പിന്നീട് ആറ് സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തെങ്കിലും പ്രേക്ഷകർ ഇന്നും ഹൃദയത്തോടു ചേർത്തുപിടിക്കുന്നത് ഈ ചിത്രത്തെയാണ്. ബോക്സ് ഓഫീസിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രം യുവപ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം.

ഇവരുടെ കോംബോ മലയാള സിനിമയിൽ വലിയ ചർച്ചയായിരുന്നു. മനീഷ് കെ.സിയും പ്രനീഷും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം നാസർ അലിയാണ് നിർമ്മിച്ചത്. സിനു സിദ്ധാർഥ് ക്യാമറയും അരുൺ മുരളീധരൻ സംഗീതവും നിർവ്വഹിച്ചു. ദൃശ്യ രഘുനാഥ് നായികയായ ചിത്രത്തിൽ അനു സിത്താര, ഗ്രേസ് ആന്റണി, മെറീന മൈക്കിൾ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. രണ്ടാം ഭാഗത്തിലെ താരങ്ങളെക്കുറിച്ചോ മറ്റ് സാങ്കേതിക പ്രവർത്തകരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ സംവിധായകൻ പുറത്തുവിട്ടിട്ടില്ല.