ചെന്നൈ: വൻ ഹൈപ്പോടെ തീയേറ്ററുകളിലെത്തിയ സൂര്യ ചിത്രമായിരുന്നു 'കങ്കുവ'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമാകും ചിത്രമെന്ന കണക്ക് കൂട്ടലിന് കനത്ത തിരിച്ചടിയാണേറ്റത്. ആദ്യ ദിനം മുതല്‍ ചിത്രത്തിന് തീര്‍ത്തും നെഗറ്റീവ് റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. ഇതോടെ ചിത്രം ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് നേരിട്ടത്. റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സോഫീസ് പരാജയമാണ് കങ്കുവ എന്നാണ് പറയുന്നത്. സൂര്യ നായകനായി എത്തിയ പടത്തിന്റെ ബജറ്റ് 350 കോടിയാണെന്നാണ് റിപ്പോർട്ട്. നിലവിലെ കണക്ക് പ്രകാരം 127.64 കോടി മാത്രമാണ് ഇതുവരെ കങ്കുവയ്ക്ക് നേടാനായിട്ടുള്ളത്.

ചിത്രം തീയേറ്ററുകളിൽ കാണാൻ ആളില്ലാതായതോടെ നേരത്തെയുള്ള ഒടിടി റിലീസിനായി നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്‍റെ ഒടിടി അവകാശം വലിയ തുകയ്ക്ക് ആമസോണ്‍ പ്രൈം ഏറ്റെടുത്തിരുന്നത്. ഡിസംബര്‍ രണ്ടാം ആഴ്ചയോടെ കങ്കുവ ഒടിടിയില്‍ എത്തുമെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിന് വന്‍ തിരിച്ചടി കിട്ടിയെന്നാണ് വിവരം. അതായത് ചിത്രത്തിന്‍റെ എച്ച്.ഡി പ്രിന്‍റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ഇത് ഒടിടി അവകാശം വാങ്ങിയ ആമസോണ്‍ പ്രൈമിന് അടക്കം വന്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് പ്രതിനായകനായി എത്തുന്നത്. കാര്‍ത്തിയുടെ ഗസ്റ്റ് റോളും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. ശിവയുടേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം വെട്രി പളനിസാമി.പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.