- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് ഭാഗമാണ് അന്തസ്സിനെ മുറിവേൽപ്പിക്കുന്നത്; രംഗങ്ങൾ കൂട്ടിച്ചേർക്കാനോ നീക്കം ചെയ്യാനോ നിർദേശിക്കാനാവില്ല; 'ഹാൽ' സിനിമക്കെതിരായ ഹർജിയിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: നവാഗതനായ വീര സംവിധാനം ചെയ്യുന്ന 'ഹാൽ' സിനിമയുടെ പ്രദർശനാനുമതിക്കെതിരായ അപ്പീലിൽ കത്തോലിക്ക കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയിലെ ഏത് ഭാഗമാണ് തങ്ങളുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്നതെന്നും, ഈ സിനിമ സംഘടനയെ എങ്ങനെയാണ് ബാധിക്കുന്നതെന്നും കോടതിയുടെ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. സിനിമ കാണാതെ അഭിപ്രായം പറയാൻ കഴിയില്ലെന്നും, രംഗങ്ങൾ കൂട്ടിച്ചേർക്കാനോ നീക്കം ചെയ്യാനോ കോടതിക്ക് നിർദേശിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
'മിശ്രവിവാഹം സിനിമയിലല്ലേ?' എന്നും കോടതി ചോദിച്ചു. കൂടാതെ, സിംഗിൾ ബെഞ്ച് ഉത്തരവ് നിങ്ങൾക്ക് എതിരല്ലല്ലോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്ന കത്തോലിക്ക കോൺഗ്രസിൻ്റെ വാദം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സംഘടന ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീൽ ഹർജിയിൽ ഉത്തരവിനായി കേസ് മാറ്റിവെച്ചിരിക്കുകയാണ്.
നേരത്തെ, സിനിമക്ക് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് സ്വീകരിച്ച ചില നിലപാടുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചില ഭാഗങ്ങൾ നീക്കം ചെയ്താൽ മാത്രമേ 'എ' സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന ബോർഡ് തീരുമാനം ചോദ്യം ചെയ്തപ്പോഴായിരുന്നു കോടതി ഇടപെടൽ. സിനിമയുടെ പ്രമേയവുമായി യോജിക്കാത്ത കോടതി നടപടികളുമായി ബന്ധപ്പെട്ട രംഗങ്ങൾ, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ സംഭാഷണ ഭാഗങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
ഈ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനെ ഹരജിക്കാർ എതിർക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, ഈ ഭാഗങ്ങൾ മാത്രം ഒഴിവാക്കി രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന് കോടതി നിർദേശം നൽകി. ഷെയിൻ നിഗത്തെ നായകനാക്കി ഒരുക്കുന്ന 'ഹാൽ' ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആൻ്റണി, മധുപാൽ, ജോയ് മാത്യു എന്നിവരടക്കമുള്ള താരനിര ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.




