ഹൈദരാബാദ്: തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് 'മമ്മി' (The Mummy) ചലച്ചിത്ര പരമ്പരയിലെ വില്ലൻ താരം അർനോൾഡ് വോസ്‌ലൂ. വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് വോസ്‌ലൂ പ്രധാന വില്ലനായി എത്തുന്നത്. ബ്രിട്ടീഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെടുക. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. 'പുഷ്പ', 'ജനത ഗാരേജ്', 'രംഗസ്ഥലം' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിർമിക്കുന്നത്.

'ദ് മമ്മി', 'ദ് മമ്മി റിട്ടേൺസ്' എന്നീ സിനിമകളിലെ 'ഇംഹോട്ടെപ്' എന്ന വില്ലൻ കഥാപാത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടനാണ് അർനോൾഡ് വോസ്‌ലൂ. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം താൽക്കാലികമായി 'VD14' എന്നാണ് പേരിട്ടിരിക്കുന്നത്. 1854-നും 1878-നും ഇടയിലുള്ള ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള ഒരു ആക്ഷൻ പീരീഡ് ഡ്രാമയാണ് 'VD14'. യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

VD14 ന്റെ ലൊക്കേഷനിൽ നിന്നുള്ള വോസ്‌ലൂവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു രാജ്യാന്തര താരത്തിന്റെ സാന്നിധ്യം ഈ തെലുങ്ക് ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകശ്രദ്ധ നേടിക്കൊടുക്കാൻ സാധ്യതയുണ്ട്. മൈക്ക് ടൈസണെ 'ലൈഗർ' എന്ന ചിത്രത്തിൽ അവതരിപ്പിച്ച ശേഷം വിജയ് ദേവരകൊണ്ടയുടെ സിനിമയിൽ എത്തുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരമാണ് അർനോൾഡ് വോസ്‌ലൂ.