ന്യൂഡൽഹി: 2026ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നീരജ് ഗായ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' തിരഞ്ഞെടുക്കപ്പെട്ടു. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം സാമൂഹിക യാഥാർത്ഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന കഥയാണ് അവതരിപ്പിക്കുന്നത്. ഇഷാൻ ഖട്ടർ, ജാൻവി കപൂർ, വിശാൽ ജേത്വ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഹോംബൗണ്ട്' എന്ന ചിത്രത്തിന് പ്രചോദനമായത് ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ്. പോലീസ് സേനയിൽ പ്രവേശിക്കാൻ സ്വപ്നം കാണുന്ന രണ്ട് സുഹൃത്തുക്കളുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു യുവതിയുടെയും കഥയാണ് ചിത്രം പറയുന്നത്. സാമൂഹിക വിവേചനങ്ങൾക്കിടയിലും ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ യുവാക്കളുടെ പോരാട്ടങ്ങളെയും ചിത്രം വരച്ചുകാട്ടുന്നു.

ഇഷാൻ ഖട്ടറും വിശാൽ ജേത്വയും ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. കാൻസ് ചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം പിന്നീട് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. അന്താരാഷ്ട്ര പീപ്പിൾസ് ചോയ്സ് അവാർഡിൽ രണ്ടാം സ്ഥാനവും ചിത്രം കരസ്ഥമാക്കിയിരുന്നു.