മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട നീരജ് ഗായ്‌വാൻ ചിത്രം 'ഹോംബൗണ്ട്' ഒ.ടി.ടിയിലേക്ക്. ഈ വർഷത്തെ 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 26-ന് തിയറ്ററുകളിൽ എത്തിയ ഈ ചിത്രം നവംബർ 21 മുതൽ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും.

ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ തുടങ്ങിയ യുവതാരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയ 'ഹോംബൗണ്ട്' ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സംവിധായകൻ മാർട്ടിൻ സ്കോർസെസെ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളാണ് എന്ന പ്രത്യേകതയുമുണ്ട്. കാൻസ്, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

സൗഹൃദം, കടമ, ലക്ഷ്യങ്ങൾ, ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമൂഹിക സമ്മർദ്ദങ്ങൾ, ജാതി-മത വിവേചനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പത്രപ്രവർത്തകനായ ബഷാറത്ത് പീറിന്റെ 'ടേക്കിങ് അമൃത് ഹോം' എന്ന ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമയുടെ കഥ ഒരുക്കിയത്. 2015-ൽ പുറത്തിറങ്ങിയ 'മസാൻ' എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാന രംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമയാണിത്.