ടി ഹണി റോസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'റേച്ചൽ' എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ (നവംബർ 15) പുറത്തിറങ്ങും. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ റിവഞ്ച് ത്രില്ലർ ചിത്രം ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തും. തലയിൽ ടോർച്ചും മുഖത്തും കയ്യിലും രക്തക്കറകളുമായി കാണുന്ന ഹണി റോസിന്റെ വ്യത്യസ്തമായ ലുക്ക് അനാവരണം ചെയ്തുകൊണ്ടാണ് ട്രെയിലർ പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയത്.

ഡിസംബർ 6-ന് ക്രിസ്തുമസ് റിലീസായാണ് ചിത്രം മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നത്. പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ എബ്രിഡ് ഷൈൻ സഹനിർമ്മാതാവും സഹ രചയിതാവുമാണ്.

ഒരു റിവഞ്ച് ത്രില്ലറായാണ് 'റേച്ചൽ' ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ അനുഭവമായിരിക്കും ചിത്രമെന്ന് പ്രതീക്ഷിക്കുന്നു. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിന്റെ ആദ്യ പോസ്റ്ററുകളും ടീസറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.