കൊച്ചി: മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഹൃദയപൂർവ്വം' മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസായി ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തിയ ചിത്രം മോഹൻലാലിന്റെ തുടർച്ചയായ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആകുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 8.63 കോടിയാണ്. ഞായറാഴ്ചയും ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സിയാണ് തിയറ്ററുകളിലെന്നാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകള്‍ നല്‍കുന്ന വിവരം. ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 8.06 കോടി (ഗ്രോസ്) ആണെന്നാണ് ഇവിടെനിന്നുള്ള ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

വിദേശ വിപണികളിലും 'ഹൃദയപൂർവ്വം' മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആദ്യ രണ്ട് ദിവസം കൊണ്ട് മാത്രം വിദേശത്ത് നിന്ന് ഒരു മില്യൺ ഡോളറിന് മുകളിൽ ചിത്രം നേടി, ഇത് ഏകദേശം 9.73 കോടി രൂപയാണ്. ആദ്യ രണ്ട് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 16.35 കോടി രൂപയാണ് കണക്കാക്കുന്നത്.

ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം, ഓണം അവധി ദിനങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരും. ആദ്യ വാരാന്ത്യത്തിൽ 30 കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്ന് പ്രതീക്ഷിക്കുന്നു. അഖിൽ സത്യന്റെ കഥയ്ക്ക് ടി.പി. സോനു തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി അനൂപ് സത്യനാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മാളവിക മോഹനൻ, സംഗീത, സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഉൾപ്പെടുന്നു.