കൊച്ചി: പ്രഖ്യാപനം എത്തിയത് മുതൽ ആരാധകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ഹൃദയപൂർവം'. ഹിറ്റ് കോമ്പോയായ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാ​ഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.

കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. 1.06 സെക്കൻഡുകൾ ദൈർഖ്യമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു മറുഭാഷാ പ്രേക്ഷകന്‍റെ ഫഹദ് ഫാസില്‍ റെഫറന്‍സും അതിനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണവുമൊക്കെ ചിരിയുണ്ടാക്കുന്നുണ്ട്. ടീസർ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ കമ്മന്റുകളുമായി രംഗത്തെത്തി. 'ഓണം തൂക്കി' എന്നായിരുന്നു ഒരാളുടെ കമ്മന്റ്. 'ഹൃദയപൂർവം തന്നെ ജനങ്ങൾ സ്വീകരിക്കും ലാലേട്ടാ' എന്നായിരുന്നു മറ്റൊരാളുടെ കമ്മന്റ്. ചിത്രം വലിയൊരു വിജയമാകട്ടെ എന്ന് നിരവധി പേർ ആശംസകളും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട് . ഓഗസ്റ്റ് 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.


2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങൾ.അഖിൽ സത്യന്റേതാണ് കഥ. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. പ്രശസ്ത പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ് പി ചരൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന വാർത്തകളും നേരത്തെ ശ്രദ്ധനേടിയിരുന്നു. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

കുഞ്ഞിരാമായണം, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ജസ്റ്റിൻ്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ഹൃദയപൂർവം. അനു മൂത്തേടത്ത് ക്യാമറ നിർവഹിക്കുന്നത്. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ സമീറാ സനീഷ്, സഹസംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ.സി. സദർ, പി.ആർ.ഒ വാഴൂർ ജോസ്.