കൊച്ചി: വിചിത്രമായ വിവാഹം മുടക്കൽ സമ്പ്രദായത്തെ ആസ്പദമാക്കി ഒരുക്കിയ 'വത്സലാ ക്ലബ്ബ്' എന്ന ചിത്രം മനോരമ മാക്സ് ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തി. അനുഷ് മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീത് തട്ടിൽ, അഖിൽ കവലയൂർ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ തലമുറകളായി നിലനിൽക്കുന്ന ഒരു വിവാഹം മുടക്കൽ സമ്പ്രദായത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ആൺ, പെൺ വ്യത്യാസമില്ലാതെ ഈ ആചാരം ഒരു മത്സരമായും ആഘോഷമായും നാട്ടുകാർ കണക്കാക്കുന്നു. ഏറ്റവും കൂടുതൽ വിവാഹങ്ങൾ മുടക്കുന്നവർക്ക് 'മുടക്കു ദണ്ഡ്' എന്ന സമ്മാനം വരെ നൽകുന്നു. ഈ പ്രാകൃത സമ്പ്രദായത്തെ ശക്തമായി എതിർക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് 'വത്സലാ ക്ലബ്ബി'ന് പിന്നിൽ പ്രവർത്തിക്കുന്നത്. ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതോടെ കഥയിൽ വഴിത്തിരിവുണ്ടാകുന്നു.

ഹ്യൂമർ ഫാന്റസി ജോണറിൽ നവാഗത സംവിധായകൻ അനുഷ് മോഹൻ ഒരുക്കിയിരിക്കുന്ന ചിത്രം, സാധാരണക്കാരായ ഗ്രാമവാസികളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഫാൽക്കൺ സിനിമാസിന്റെ ബാനറിൽ ജിനി.എസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫൈസ് ജമാലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിനി.എസ് തന്നെയാണ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശൗരിനാഥ്, എഡിറ്റിംഗ് രാകേഷ് അശോക്, കലാസംവിധാനം അജയ് ജി. അമ്പലത്തറ തുടങ്ങിയവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.