കൊച്ചി: ധ്യാൻ ശ്രീനിവാസൻ നായകനായ ത്രില്ലർ ചിത്രം 'ഐഡി' ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തുന്നു. സെപ്റ്റംബർ 19 മുതൽ സൈനപ്ലേയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ജനുവരി 3-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം എട്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്.

അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഐഡി' 'ദി ഫേക്ക്' എന്ന ടാഗ്‌ലൈനോടെയാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എസ്സാ എന്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഐജാസ് വി എ, ഷഫീൽ എന്നിവരാണ്. നിഹാൽ സാദിഖാണ് സംഗീതം നൽകിയിരിക്കുന്നത്. വില്യം ഫ്രാൻസിസ് ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചത്. റിയാസ് കെ ബദറാണ് ചിത്രത്തിന്റെ എഡിറ്റർ.