- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുസാൻ ചലച്ചിത്രോത്സവത്തിൽ 'ഇഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ്'ന് പുരസ്കാരം; സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത് ഹൈലൈഫ് വിഷൻ അവാർഡ്
ബുസാൻ: ദക്ഷിണകൊറിയയിലെ ബുസാനിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (BIFF) ഹൈലൈഫ് വിഷൻ അവാർഡിന് അർഹമായി 'ഇഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ്' (ഖിഡ്കി ഗാവ്) എന്ന ചിത്രം. സഞ്ജു സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അൻഷുൽ ചൗഹാന്റെ 'ടൈഗർ' എന്ന ചിത്രത്തിനൊപ്പമാണ് 'ഇഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ്' പുരസ്കാരം പങ്കിട്ടത്.
ബുസാൻ ചലച്ചിത്രോത്സവത്തിൽ തന്നെയായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനവും. ഡൽഹിയിൽ താമസിക്കുന്ന ഒരു മലയാളി ദമ്പതികളുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളും അതിലൂടെയുള്ള അവരുടെ യാത്രയുമാണ് സിനിമയുടെ പ്രധാന പ്രമേയം. റോഷൻ അബ്ദുൾ റഹൂഫും ഭാനു പ്രിയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡോ. സുരേന്ദ്രനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രമോദ് ശങ്കർ, കിരൺ കേശവ് എന്നിവർ സഹനിർമ്മാതാക്കളാണ്. പായൽ കപാഡിയയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. രേഖ രാജ് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് മനേഷ് മാധവനാണ്. പ്രവീൺ കെ.എം. എഡിറ്റിങ്ങും ജിബു തോമസ് പ്രൊജക്ട് ഡിസൈനും നിർവ്വഹിച്ചു. ദിലീപ് ദാസ് പ്രൊഡക്ഷൻ ഡിസൈനും ഫയദോർ സാം ബ്രൂക്ക് കലാസംവിധാനവും ലീന തുഷാര വസ്ത്രാലങ്കാരവും നിർവ്വഹിച്ചു.