തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ഉദ്ഘാടന ചിത്രം പ്രഖ്യാപിച്ചു. ലോകശ്രദ്ധ നേടിയ ഫലസ്തീനിയൻ ചിത്രം 'ഫലസ്തീൻ 36' (Palestine 36) ആണ് ഡിസംബർ 12 മുതൽ ആരംഭിക്കുന്ന മേളയുടെ തിരശ്ശീല ഉയർത്തുക. വിഖ്യാത സംവിധായിക ആൻമേരി ജാസിർ അണിയിച്ചൊരുക്കിയ ഈ ചിത്രം, ഫലസ്തീൻ ജനതയുടെ ചരിത്രപരമായ പോരാട്ടമാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

ഫലസ്തീൻ, യു.കെ, ഫ്രാൻസ്, ഡെന്മാർക്ക് ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച ഈ ചിത്രം, 1936 മുതൽ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ അറബ് കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചരിത്ര സിനിമയാണ്. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീൻ കലാപം ആരംഭിച്ച വർഷമാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. ഗ്രാമീണനായ യൂസഫിന്റെ ജീവിത സംഘർഷങ്ങളും ജെറുസലേമിലെ കലാപ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

'ഫലസ്തീൻ 36' ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ വർഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്‌കാരം ഈ സിനിമ സ്വന്തമാക്കി. 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയൻ എൻട്രി കൂടിയാണ് ഈ ചിത്രം.

പ്രശസ്ത പലസ്തീനിയൻ സംവിധായികയായ ആൻമേരി ജാസിർ ഐഎഫ്എഫ്കെ വേദിക്ക് സുപരിചിതയാണ്. അവരുടെ 'വാജിബ്' എന്ന ചിത്രം 2017-ലെ ഐഎഫ്എഫ്കെയിൽ സുവർണചകോരം പുരസ്‌കാരം നേടിയിരുന്നു. ഈ ചിത്രവും ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കും. ഡിസംബർ 12 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ചലച്ചിത്രോത്സവം 19 ന് സമാപിക്കും.