കൊച്ചി: നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന 'ഇന്നസെൻ്റ്' എന്ന ആക്ഷേപഹാസ്യ ചിത്രം നവംബർ 7-ന് തിയേറ്ററുകളിൽ എത്തും. എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് എ.ഡി.യാണ് നിർമ്മാണം. ഏറെ ജനപ്രീതി നേടിയ 'ഉപ്പും മുളകും' പരമ്പരയിലൂടെ ശ്രദ്ധേയനായ സതീഷ് തൻവി, ഗൗരവമുള്ള വിഷയങ്ങൾ പോലും ചിരിയോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രേക്ഷക ശ്രദ്ധ നേടിയ മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീമും, അനാർക്കലി മരയ്ക്കാറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇന്നസെന്റ്.

കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു സർക്കാർ ജീവനക്കാരനായ വിനോദിൻ്റെ (അൽത്താഫ് സലിം) ബസ് യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. ഇത് ഒരു റോഡ് മൂവി എന്നും വിശേഷിപ്പിക്കാം. സഞ്ചാരത്തിനിടയിൽ സമൂഹത്തിലെ ചില ജീർണ്ണതകൾക്കെതിരെയും ചിത്രം വിരൽ ചൂണ്ടുന്നു. 'വാഴ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിർ, അനാർക്കലി മരയ്ക്കാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അന്ന പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിച്ചിരിക്കുന്നു. വിനായക് ശശികുമാർ രചിച്ച എട്ട് ഗാനങ്ങൾക്ക് ജയ് സ്റ്റെല്ലർ സംഗീതം നൽകിയിരിക്കുന്നു.

നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് റിയാസ്, കലാസംവിധാനം മധു രാഘവൻ, മേക്കപ്പ് സുധി ഗോപിനാഥ്, കോസ്റ്റ്യൂം ഡിസൈൻ ഡോണ മറിയം ജോസഫ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കൊച്ചി, തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം സെഞ്ചറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.