കൊച്ചി: പ്രേക്ഷക പ്രശംസ നേടിയ 'മന്ദാകിനി'ക്ക് ശേഷം അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ്' എന്ന സിനിമയിലെ 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. നാടൻ ശൈലിയിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് രേഷ്മ രാഘവേന്ദ്രയാണ്. ജയ് സ്റ്റെല്ലാർ ആണ് ഗാനത്തിൻ്റെ അഡീഷനൽ കംപോസിഷൻ നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഒക്ടോബർ മാസത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

'ഇന്നസെന്റ്' എന്ന ചിത്രം ടാൻസാനിയൻ സ്വദേശിയായ സോഷ്യൽ മീഡിയ താരവും നടനുമായ കിലി പോളിന്റെ മലയാള സിനിമയിലെ അരങ്ങേറ്റം കൂടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്ക് മുമ്പ് തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ സിനിമ ഒരു 'ടോട്ടൽ ഫൺ റൈഡ്' ആയിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.

സർക്കാർ ഓഫീസിലെ നടപടിക്രമങ്ങളും മറ്റ് രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി എല്ലാ പ്രായത്തിലുള്ള പ്രേക്ഷകർക്കും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന 'എലമെന്റ്സ് ഓഫ് സിനിമ' എന്ന ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് 'ഇന്നസെന്റ്'. പൂർണ്ണമായും കോമഡി വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയെ ആസ്പദമാക്കി ഷിഹാബ്, സർജി വിജയൻ, സതീഷ് തൻവി എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്നു.