ന്യൂഡല്‍ഹി: സിനിമ കോപ്പിയടിച്ചതാണെന്ന കേസില്‍ സംവിധായകന്‍ ശങ്കറിന്റെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടിക്ക് മദ്രാസ് ഹൈകോടതിയുടെ സ്റ്റേ. ശങ്കര്‍ നല്‍കിയ ഹരജിയില്‍ എം.എസ്. രമേശ്, എന്‍. സെന്തില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നടപടിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കി.

'യന്തിരന്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമ കോപ്പിയടിച്ചതാണെന്ന കേസില്‍ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടല്‍ സംബന്ധിച്ച് ഇ.ഡി.യില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കര്‍ ആരോപിച്ചിരുന്നു.

2011ല്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അരൂര്‍ തമിഴ്നാടന്‍ പരാതി നല്‍കിയതോടെയാണ് നിയമയുദ്ധം ആരംഭിക്കുന്നത്. 'യന്തിരന്‍' സിനിമയിലെ ഭൂരിഭാഗവും 1996ല്‍ പ്രസിദ്ധീകരിച്ച തന്റെ കഥ 'ജിഗുബ'യില്‍നിന്ന് അനുമതിയില്ലാതെ എടുത്തതാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കൃതിയില്‍ നിന്നുള്ള നിരവധി ആഖ്യാന ഘടനകള്‍, ആശയങ്ങള്‍ എന്നിവ സിനിമയില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ശങ്കര്‍, സണ്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ കലാനിധി മാരന്‍, സണ്‍ പിക്ചേഴ്സ് എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.