- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വന്തമായി എന്തെങ്കിലുമുണ്ടോ?'; 400 കോടി പടത്തിന്റെ ട്രെയ്ലറിൽ 'ഗൂഗിൾ ജെമിനി' ലോഗോ; വാട്ടർ മാർക്ക് പോലും മാറ്റാൻ മറന്ന് പോയോയെന്നും നെറ്റിസൺസ്; റിലീസിന് മുന്നേ 'ജനനായകൻ' എയറിൽ
ചെന്നൈ: ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയ 'ജനനായക'നായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വൻ വിവാദങ്ങളിലും ട്രോളുകളിലും ഉയർന്നു വരികയാണ്. ഗൂഗിൾ ജെമിനി എഐയുടെ വാട്ടർമാർക്ക് ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഏകദേശം 400 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഇത്രയും വലിയൊരു പ്രോജക്റ്റിൽ അണിയറപ്രവർത്തകർ കാണിച്ച അശ്രദ്ധ, വിജയ്‌യെ പോലുള്ള ഒരു സൂപ്പർതാരത്തിന് ലഭിക്കേണ്ട അന്തസ്സാർന്ന യാത്രയയപ്പിന് മങ്ങലേൽപ്പിച്ചു എന്നാണ് ഉയരുന്ന പ്രധാന പരാതി.
ട്രെയിലറിന്റെ 23-ാം സെക്കൻഡിൽ വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഒരു രംഗത്തിൽ താഴെ വലത്തേയറ്റത്താണ് ജെമിനി ലോഗോ വ്യക്തമായി കാണപ്പെട്ടത്. കോടികൾ മുടക്കി നിർമിക്കുന്ന ഒരു ചിത്രത്തിൽ ലളിതമായ ഒരു ഷോട്ടിനായി എഐ ഉപയോഗിച്ചതും അതിന്റെ വാട്ടർമാർക്ക് പോലും നീക്കം ചെയ്യാൻ മറന്നുപോയതും അണിയറപ്രവർത്തകരുടെ അശ്രദ്ധയാണ് കാട്ടുന്നതെന്ന് സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. "സ്വന്തമായി എന്തെങ്കിലുമുണ്ടോ?", "വിജയ്‌യെ പോലുള്ള ഒരു താരത്തിന് ഇതിലും മികച്ച യാത്രയയപ്പാണ് നൽകേണ്ടിയിരുന്നത്" എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. വിവാദമായതോടെ ഈ രംഗം ട്രെയിലറിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.
സാങ്കേതിക പിഴവുകൾക്ക് പുറമെ, ചിത്രം ഒരു റീമേക്ക് ആണെന്നതും വിമർശനങ്ങളുടെ ആക്കം കൂട്ടി. ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കാണ് 'ജനനായകൻ' എന്ന് ട്രെയിലറിലെ പല രംഗങ്ങളും സൂചന നൽകുന്നു. നേരത്തെ ഇതൊരു നേരിട്ടുള്ള റീമേക്ക് ആയിരിക്കില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും ട്രെയിലറിലെ സാമ്യതകൾ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.




