സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജയിലർ 2’ൽ ബോളിവുഡ് താരം വിദ്യാ ബാലനും എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ വൻവിജയ ചിത്രമായ ‘ജയിലറി’ന്റെ രണ്ടാം ഭാഗമായാണ് ഇത് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 14ന് ഒരു പ്രൊമോ വീഡിയോയോടെയാണ് നടന്നത്. മാർച്ച് മാസത്തിൽ ചിത്രീകരണം ആരംഭിച്ചു.

‘ജയിലർ’ 2023-ൽ റിലീസ് ചെയ്തപ്പോൾ 600 കോടിയിലധികം രൂപയാണ് ലോകവ്യാപകമായി നേടിയത്. ചിത്രത്തിന്റെ വൻവിജയത്തെത്തുടർന്ന് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. തമിഴിൽ ഏറ്റവും വലിയ ഓപ്പണിംഗ് നേടാൻ സാധ്യതയുള്ള ചിത്രങ്ങളിൽ ഒന്നായാണ് ‘ജയിലർ 2’ വിലയിരുത്തപ്പെടുന്നത്. ആദ്യ ഭാഗത്തെപ്പോലെ തന്നെ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതായിരിക്കും രണ്ടാം ഭാഗവും. അനിരുദ്ധ് രവിചന്ദർ തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

‘ജയിലർ’ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന ഡോൺ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന ആകാംഷയിലാണ് മലയാളികൾ. മോഹൻലാൽ ചിത്രത്തിൽ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.