കൊച്ചി: ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബൾട്ടി’യിലെ ആദ്യ ഗാനം വൻ തരംഗമാകുന്നു. ‘ജാലക്കാരി മായാജാലക്കാരി..’ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ കേട്ട് കഴിഞ്ഞു. ഗാനം ഈണമിട്ടിരിക്കുന്നത് സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറുന്ന ഇരുപത്തിയൊന്നുകാരനായ സായ് അഭ്യങ്കറാണ്.

വിനായക് ശശികുമാറിന്‍റെ വരികൾക്ക് സായ് അഭ്യങ്കർ ഈണം നൽകി, സായിയും ‘കൂലി’ എന്ന ചിത്രത്തിലെ ‘മോണിക്ക’ എന്ന ഹിറ്റ് ഗാനം ആലപിച്ച സുബ്ലാഷിനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുമെന്ന സൂചനകൾക്ക് പുറമെ, ഇതിനോടകം തന്നെ ഗാനം പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ ‘വിഴി വീകുറ’ എന്നീ സിംഗിളുകളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ സായ് അഭ്യങ്കറിന്‍റെ ആദ്യ മലയാള സിനിമാ ഗാനമാണിത്. മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ഒരു ഫോൺ സംഭാഷണത്തിലൂടെയാണ് സായ് അഭ്യങ്കറെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്തത്. ‘ബൾട്ടി’ സിനിമയുടെ പ്രൊമോ വീഡിയോ ഇതിനോടകം 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടിയിരുന്നു.

സായ് അഭ്യങ്കർ സംഗീതം നൽകിയ ഒട്ടേറെ ഗാനങ്ങൾ ചിത്രത്തിലുണ്ടെന്നാണ് സൂചന. ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനായ സായ് ഒരുക്കിയ ‘കച്ചി സേര’, ‘ആസ കൂട’ എന്നീ ഹിറ്റ് സിംഗിളുകൾക്ക് യൂട്യൂബിൽ മാത്രം 200 മില്യണിൽ അധികം കാഴ്ചക്കാരുണ്ട്.