ന്യൂയോര്‍ക്ക്: നിരവധി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് വലിയ പിഴശിക്ഷ. 40 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിനായി, ഓരോരുത്തര്‍ക്കും നഷ്ടപരിഹാരമായി കണക്കാക്കി ആകെ 1.68 ബില്യണ്‍ ഡോളര്‍ (ഏകദേശം 14,000 കോടി രൂപ) നല്‍കണമെന്നാണ് ന്യൂയോര്‍ക്കിലെ ജൂറി വിധിച്ചത്.

2022-ല്‍ മാന്‍ഹട്ടനില്‍ ഫയല്‍ ചെയ്ത ആദ്യ കേസിന്റെ തുടര്‍ച്ചയായാണ് നടപടി. പരാതിക്കാര്‍ ടൊബാക്ക് തന്റെ സിനിമാ സ്വാധീനം ഉപയോഗിച്ച് അഭിനയാവസരങ്ങളെന്ന വ്യാജവാഗ്ദാനത്തില്‍ വിളിച്ചുവരുത്തി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിക്കുന്നു.

തടവ്, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങളും ടൊബാക്കിനെതിരെയുണ്ട്. പലരെയും തന്റേടെ മുന്‍പില്‍ വസ്ത്രമുരിയാനും അപമാനകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. പലര്‍ക്കും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കുന്നു.

ഒസ്‌കാര്‍ നാമനിര്‍ദ്ദേശം നേടിയിട്ടുള്ള ടൊബാക്ക് ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും, കോടതിയിലെ വിധി എല്ലാവരെയും ഞെട്ടിച്ചു. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ പിഴശിക്ഷയാണിത്, എന്നു പരാതിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.