മുംബൈ: ബോളിവുഡില്‍ താരമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നടനാണ് ജോണ്‍ എബ്രഹാം. എന്നാല്‍, സിനിമയിലെ നായകനില്‍ നിന്നും താന്‍ തീര്‍ത്തും വ്യത്യസ്തനാണെന്നാണ് ജോണ്‍ പറയുന്നത്. ജീവിതത്തില്‍ പണത്തിനല്ല പ്രധാന്യം നല്‍കുന്നതെന്ന് നടന്‍ ജോണ്‍ എബ്രഹാം വ്യക്തമാക്കി. ലളിത ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ആഡംബരം ജീവിതത്തിനോടൊ വിലയേറിയ കാറുകളോടൊ യാതൊരു താല്‍പര്യവുമില്ലെന്നുമെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. ഞാന്‍ മിഡില്‍ ക്ലാസ് ആളാണെന്നും കൂട്ടിച്ചേര്‍ത്തു.

'ലളിത ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. വിലയേറിയ കാറുകളോ അധികം ആഡംബര വസ്തുക്കളോ എന്റെ കൈവശമില്ല. ഞാന്‍ ഒരു മിഡില്‍ ക്ലാസ് ആളാണ്. പണത്തിനല്ല ഞാന്‍ ജീവിതത്തിന് ആദ്യ പരിഗണന നല്‍കുന്നത്.

ഞാന്‍ ഓടിക്കുന്നത് പിക്ക്-അപ്പ് ട്രക്കാണ്. എന്റെ ഡ്രൈവര്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ പറയാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യം എന്താണ്. പ്രൊഡക്ഷന്‍ വാഹനത്തിലാണ് ഷൂട്ടിങ്ങിന് പോകുന്നത്. വീട്ടില്‍നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. ഈ 4-4.5 കോടി വിലമതിക്കുന്ന കാര്‍ ഞാന്‍ എന്തു ചെയ്യും. ഇതിനോടൊന്നും യാതൊരു താല്‍പര്യവുമില്ല. ഇതൊന്നും എന്റെ ജോലിയെ ബാധിക്കുന്ന കാര്യമല്ല-ജോണ്‍ തുടര്‍ന്നു.

ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കാന്‍ എനിക്ക് പേടിയാണ്. കാരണം ഞാന്‍ വന്ന സാഹചര്യം എനിക്ക് അറിയാം. അതിനാല്‍ എനിക്ക് ഭയമാണ് ഈ ഷൂസിനും ബാഗിനും വേണ്ടി ഒരുപാട് പണം മുടക്കാന്‍. എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ല. എന്റെ സ്‌റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം,ഒരു സ്യൂട്ട്‌കെയ്‌സില്‍ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറുള്ളത്' - ജോണ്‍ എബ്രഹാം പറഞ്ഞു.

വേദയാണ് ജോണ്‍ എബ്രഹാമിന്റെ പുതിയ ചിത്രം. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷര്‍വരി, അഭിഷേക് ബാനര്‍ജി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. തമ്മയും മൗനി റോയിയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജാതിയുടെ പേരില്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം പൊരുതുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.ആഗസ്റ്റ് 15-നാണ് വേദ തിയറ്ററുകളിലെത്തുന്നത്.