എ.ആര്‍.എം എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടെഴുതിയ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ നടന്‍ ടൊവിനോ തോമസിനെ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്‌ലിനോടുപമിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഇന്നു നമുക്കുള്ളതില്‍ വച്ച് ഏറ്റവും ഏറ്റവും കഠിനാധ്വാനിയായ നടനാണ് ടൊവിനോയെന്നും ജൂഡ് പറഞ്ഞു.

'ഒരു നടന്‍ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യന്‍. മലയാളത്തിന്റെ Christian Bale എന്ന് വേണമെങ്കില്‍ പറയാം. അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്. The Most Hard Working Actor we have. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാര്‍ത്ഥതയുമാണ്.

ഇന്നലെ ARM കണ്ടപ്പോഴും ഞാന്‍ ആ passionate ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. Congratulations team ARM.' ജൂഡിന്റെ വാക്കുകള്‍.

മാജിക് ഫ്രെയിംസും യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് 3ഡി ചിത്രം നിര്‍മിച്ചത്. ഇന്ത്യയില്‍നിന്നും വിദേശത്തിനിന്നുമായി 'A.R.M' 87 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം രചന നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. നാല്‍പ്പത് കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്.