കൊച്ചി: യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പീരീഡ് ത്രില്ലര്‍ ചിത്രം 'കാന്ത'യുടെ ഒ.ടി.ടി. റിലീസ് തീയതി പ്രഖ്യാപിച്ചു. തിയേറ്റര്‍ റിലീസിന് ശേഷം വലിയ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം നാളെ, ഡിസംബർ 12 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. നവംബര്‍ 14-നാണ് സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത 'കാന്ത' തിയേറ്ററുകളില്‍ എത്തിയത്. 1950-കളിലെ മദ്രാസ് സിനിമാ ലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്.

ടി.കെ. മഹാദേവന്‍ എന്ന യുവ സൂപ്പർതാരമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെത്തിയത്. 'നടിപ്പ് ചക്രവർത്തി' എന്ന വിളിപ്പേരിലാണ് ഈ കഥാപാത്രം അറിയപ്പെടുന്നത്. ഒരു പ്രഗത്ഭ സംവിധായകനായ 'അയ്യ'യും (സമുദ്രക്കനി) അദ്ദേഹത്തിന്റെ ശിഷ്യനായ സൂപ്പർതാരം ടി.കെ. മഹാദേവനും തമ്മിലുള്ള ഈഗോയുടെയും പകയുടെയും കഥയാണ് ചിത്രം പറയുന്നത്. ഒരു സിനിമയുടെ സെറ്റിലുണ്ടാവുന്ന കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. റാണാ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായാണ് ടി.കെ. മഹാദേവൻ എന്ന കഥാപാത്രത്തെ സിനിമാപ്രേമികൾ വിലയിരുത്തുന്നത്. ചില ആരാധകർ ചിത്രത്തിലെ പ്രകടനത്തിന് ദുൽഖറിന് ദേശീയ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.

റാണാ ദഗ്ഗുബാട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് 'സ്പിരിറ്റ് മീഡിയ', 'വേഫെറർ ഫിലിംസ്' ബാനറുകളിൽ ചിത്രം നിർമ്മിച്ചത്. ഡിസംബര്‍ 12-ന് നെറ്റ്ഫ്ലിക്സിലൂടെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും കന്നഡയിൽ 'ശാന്ത' എന്ന പേരിലും ചിത്രം സ്ട്രീം ചെയ്യും.