കൊച്ചി: ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കാട്ടാളൻ’ ചിത്രീകരണം പൂർത്തിയായി. നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ചെന്നൈയിൽ ഫുൾ പായ്ക്കപ്പായത്. ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

തായ്ലാൻ്റിൽ തുടങ്ങി ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായി വമ്പൻ ലൊക്കേഷനുകളിലാണ് സിനിമ പൂർത്തിയാക്കിയത്. കാടിനോടും മൃഗങ്ങളോടും പോരാടുന്ന ഒരു യുവാവിന്റെ സാഹസിക കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. മലയാള സിനിമയിൽ സമീപകാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ആക്ഷൻ, വയലൻസ് രംഗങ്ങൾ കാട്ടാളന്റെ പ്രത്യേകതയായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

നിർമ്മാണച്ചെലവിന്റെ കാര്യത്തിൽ നിലവിൽ മലയാളത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ സിനിമകളിൽ ഒന്നാണിത്. വിഖ്യാത ആക്ഷൻ കോറിയോഗ്രാഫർ കെംബ കൊച്ചടക്കി ആക്ഷൻ ഒരുക്കുമ്പോൾ, 'കാന്താര' ഫെയിം അജനീഷ് ലോകനാഥാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ബോളിവുഡ്, കോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.

കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖർക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ റാപ്പർ ജിനി, കോൾമി വെനം, ഹിപ്സ്റ്റർ, പ്രണവ് രാജ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ഉണ്ണി ആർ. ആണ് സംഭാഷണം. രണദേവ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മെയ് മാസത്തിൽ ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ചിത്രം പ്രദർശനത്തിനെത്തിക്കും. പിആർഒ: വാഴൂർ ജോസ്.