- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോക'യിലെ മിസ്റ്റർ നോബഡി വീണ്ടും സ്ക്രീനിലെത്തും; ഇത്തവണ ആന്‍റണി പെപ്പെയ്ക്കൊപ്പം കാട്ടാളനിൽ; പോസ്റ്റർ പുറത്ത്
കൊച്ചി: 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഷിബിൻ എസ്. രാഘവ്, ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രമായ 'കാട്ടാളനി'ൽ വേഷമിടും. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ പോൾ ജോർജ്ജാണ് സംവിധാനം ചെയ്യുന്നത്. 'കാട്ടാളൻ' എന്ന ചിത്രത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഷിബിനെ സ്വാഗതം ചെയ്യുന്ന പോസ്റ്റർ പുറത്തുവന്നത്.
ഒറ്റ ഡയലോഗ് പോലും ഇല്ലാതെ പ്രേക്ഷകരെ കയ്യിലെടുത്ത കഥാപാത്രമാണ് ഷിബിൻ അവതരിപ്പിച്ചത്. 'ലോക'യിൽ നസ്ലിൻ്റെ ഫ്ലാറ്റിലെ ഈ കഥാപാത്രത്തെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 'ലോക'യുടെ ഹൈദരാബാദിലെ വിജയാഘോഷത്തിനിടെ, തെലുങ്കിലെ പ്രമുഖ സംവിധായകൻ നാഗ് അശ്വിൻ പോലും ഈ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുണിനോട് അന്വേഷിച്ചിരുന്നു. ഈ കഥാപാത്രത്തിന് ഒരു സ്പിൻ-ഓഫ് ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചതായി റിപ്പോർട്ടുകളുണ്ട്.
'ലോക'ക്ക് ശേഷം 'കാട്ടാളനി'ലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഷിബിൻ. അടുത്തിടെ നടന്ന 'കാട്ടാളൻ' സിനിമയുടെ പൂജ ചടങ്ങുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത രീതിയിലുള്ള ബ്രഹ്മാണ്ഡ പൂജയാണ് നടന്നത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടന്മാരായ സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ എം വിജയൻ, ആന്‍റണി വർഗീസ് പെപ്പെ, രജിഷ വിജയൻ, ഷറഫുദ്ധീൻ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ആന്‍റണി വർഗീസ് നായകനാകുന്ന ചിത്രത്തിൽ നായികയായി രജിഷ വിജയനും അണിനിരക്കുന്നു. മലയാളത്തിലെയും പാൻ ഇന്ത്യൻ തലത്തിലുമുള്ള നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് 'കാട്ടാളൻ' ഒരുങ്ങുന്നത്.