മലയാളികളുടെ പ്രിയതാരമായ കലാഭവന്‍ മണി വിടപറഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബം താങ്ങാനാവാത്ത ശൂന്യതയിലായിരുന്നു. അച്ഛന്റെ അകാല മരണം പത്താം ക്ലാസിനിടെ അനുഭവിച്ചിട്ടും, മകള്‍ ശ്രീലക്ഷ്മി തന്റെ ജീവിത ലക്ഷ്യത്തിലേക്ക് ഉറച്ച കാല്‍വെച്ചു. ഇന്ന്, അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നം അവള്‍ യാഥാര്‍ത്ഥ്യമാക്കി ഡോക്ടറായിത്തീര്‍ന്നിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ആരാധകര്‍ക്കും മലയാളികള്‍ക്കുമൊക്കെയായി, ഇതൊരു അഭിമാന നിമിഷം. ഒരഭിനേതാവിന്റെ സ്വപ്‌നം ഒരു മകള്‍ കൈവരിച്ചു ജീവിതത്തില്‍ തന്നെ ഏറ്റവും വലിയ ഹൃദയമേറിയ കഥാപാത്രമായി മാറിക്കൊണ്ടിരിക്കുന്നു ശ്രീലക്ഷ്മി.

അമ്മയും കൊച്ചച്ചനും ബന്ധുക്കളുമെല്ലാം ശ്രീലക്ഷ്മിയ്ക്കൊപ്പമുണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പ്രായമാണ് ശ്രീലക്ഷ്മിയ്ക്കും. മീനൂട്ടിയും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശ്രീലക്ഷ്മി പത്താക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.

പരീക്ഷയ്ക്കിടയില്‍ വെച്ചായിരുന്നു മരണം. എന്നിരുന്നാലും തന്റെ അച്ഛന്റെ ആഗ്രഹത്തിനായി, വേദനകള്‍ ഉള്ളിലൊതുക്കി ശ്രീലക്ഷ്മി പഠിച്ചു പരീക്ഷയെഴുതി. മികച്ച മാര്‍ക്കോടു കൂടിയാണ് ശ്രീലക്ഷ്മി പാസായത്. പ്ലസ് ടുവിനും ഉന്നതവിജയം നേടാന്‍ ശ്രീലക്ഷ്മിയ്ക്കായി. പിന്നാലെ കലാഭവന്‍ മണിയുടെ ആഗ്രഹം പോലെ എംബിബിഎസ് പഠനത്തിനായുള്ള പാതയിലായിരുന്നു. മകള്‍ പാവങ്ങള്‍ക്ക് താങ്ങാവുന്ന ഒരു ഡോക്ടര്‍ ആവണമെന്നായിരുന്നു കലാഭവന്‍ മണിയുടെ ആഗ്രഹം. പാവപ്പെട്ടവര്‍ക്ക് എപ്പോഴും സഹായം ചോദിച്ച് വരാന്‍ കഴിയുന്ന, അവരുടെ കയ്യില്‍ നിന്ന് പൈസയൊന്നും വാങ്ങാതെ അവരെ മനസറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറാകണമെന്നാണ് മണി പറയാറുണ്ടായിരുന്നത്.

അച്ഛന്‍ ഷൂട്ടിംഗിന് പോയതുപോലെയാണ് തോന്നുന്നതെന്നാണ് മകള്‍ ശ്രീലക്ഷ്മി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 'അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്ന് വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ. ആണ്‍കുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം, കാര്യപ്രാപ്തി വേണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു.