ആലുവ: പ്രശസ്ത മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസ് അന്തരിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോള്‍, അദ്ദേഹത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജൂലൈ 31-ന് ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുത്തപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിപാടിക്കിടെ ഭാര്യ രഹനയുമൊത്ത് സന്തോഷത്തോടെ സമയം ചെലവഴിക്കുന്ന നവാസിനെയും രഹ്നയെയുമാണ് വീഡിയോയില്‍ കാണുന്നത്. മക്കളാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മരിക്കുന്നതിന് തലേ ദിവസം ലൊക്കേഷനിലെ ഇടവേളയില്‍ രഹനയെ കാണാനെത്തുകയായിരുന്നു നവാസ്.

ഫേസ്ബുക്ക് കുറിപ്പ്

പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയില്‍ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31, വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റന്‍ഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ.

കല്യാണത്തിന് ലൊക്കേഷനില്‍ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വര്‍ക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി.... ആ സമയത്ത് വന്നാല്‍ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും. 'ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി, വാപ്പിച്ചി വളരെ ഹെല്‍ത്തി ആയിരുന്നു. അവിടെ വെച്ചു അവര്‍ അവസാനമായി കണ്ടു'.

രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. 'വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു'.