കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നേരത്തെ മാറ്റിവച്ചിരുന്നു. ഡിസംബർ 5-ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. "Delayed, NOT Diminished. The Venom Beneath Will Arrive Soon!!" എന്ന ഒരു കുറിപ്പ് മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

'കുറുപ്പ്' എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് കഥയെഴുതിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ടച്ചുള്ള, ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടൻ വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജിഷ വിജയൻ, ഗായത്രി അരുൺ, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ഒരു ഗംഭീര ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും കളങ്കാവല്‍ എന്നാണ് ട്രെയ്ലര്‍ നല്‍കിയ സൂചന. 'നിലാ കായും' എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീല്‍ നല്‍കുന്ന ഗാനത്തിന് വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.