കൊച്ചി: അടുത്തിടെ താൻ കണ്ട ഏറ്റവും മോശം ചിത്രമാണ് ജാൻവി കപൂർ- സിദ്ധാർത്ഥ് മൽഹോത്ര ചിത്രം 'പരം സുന്ദരി'യെന്ന് നടൻ കാളിദാസ് ജയറാം. കേരളത്തെക്കുറിച്ചും ഇവിടുത്തെ സംസ്കാരത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്തവർ നമ്മുടെ നാടിനെ കളിയാക്കുന്ന ചിത്രമാണിതെന്നും കാളിദാസ് തുറന്നുപറഞ്ഞു. തമിഴ് യൂട്യൂബ് ചാനലായ ഇൻഫാൻസ് വ്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കാളിദാസിന്റെ ഈ വിമർശനം.

"ഈയടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനെയും സംസ്‌കാരത്തെയും കളിയാക്കുന്ന സിനിമയാണത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല," കാളിദാസ് പറഞ്ഞു. ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന വേഷത്തിലെത്തിയ 'പരം സുന്ദരി'ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും മുമ്പും നേരിടേണ്ടി വന്നിട്ടുണ്ട്.

അതേസമയം, കാളിദാസ് ജയറാമും അച്ഛൻ ജയറാമും പ്രധാന വേഷത്തിലെത്തിയ 'ആശകൾ ആയിരം' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. 23 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം വഴി ജയറാമും കാളിദാസും വീണ്ടും ഒന്നിച്ചെത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'ആശകൾ ആയിരം' നിർമ്മിച്ചത്.

'ഒരു വടക്കൻ സെൽഫി'യിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്തത്. ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റിവ് ഡയറക്‌ടറായി പ്രവർത്തിച്ച ചിത്രത്തിന്റെ രചന അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് നിർവഹിച്ചത്. ഇഷാനി, ആശാ ശരത്ത്, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരും മറ്റ് യുവപ്രതിഭകളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.