കൊച്ചി: തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന 'ലോക ചാപ്റ്റർ 1: ചന്ദ്ര'യ്ക്ക് പ്രശംസകളുമായി 'കൽക്കി' സംവിധായകൻ നാഗ് അശ്വിൻ. ഗംഭീര സിനിമയാണെന്നും ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുമാണ് നാഗ് അശ്വിൻ സിനിമ കാണുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ നാഗ് അശ്വിന്റെ ആദ്യ ചിത്രം 'മഹാനടി'യായിരുന്നു.

അരുൺ ഡൊമിനിക് സംവിധാനം ചെയ്ത് രചന നിർവ്വഹിച്ച 'ലോക ചാപ്റ്റർ 1: ചന്ദ്ര' 'ലോക' എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ്. കല്യാണി പ്രിയദർശൻ 'ചന്ദ്ര' എന്ന സൂപ്പർഹീറോയായി വേഷമിടുന്നു. നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് 'സണ്ണി' എന്ന് പേരിട്ടിരിക്കുന്നു. സാൻഡി, ചന്തു, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിലുണ്ട്.

ഒന്നിലധികം ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കല്യാണി പ്രിയദർശന്റെ പ്രകടനത്തെ പ്രേക്ഷകർ പ്രശംസിക്കുന്നു. വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, തെലുങ്കിൽ സിതാര എന്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് വിതരണം നിർവ്വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്.