കൊച്ചി: ധ്യാൻ ശ്രീനിവാസൻ, മീര വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമനകര ഒരുക്കുന്ന പുതിയ ചിത്രം 'കല്യാണമരം' സിനിമയുടെ ചിത്രീകരണം എറണാകുളത്തും പാലായിലുമായി ആരംഭിച്ചു. മറിയം സിനിമാസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ഈ ഫാമിലി എൻ്റർടെയ്നർ, കുടുംബബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുമെന്ന് സംവിധായകൻ അറിയിച്ചു.

ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന 'സജിൻ മാഷ്' എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. മലയാളികളുടെ ഇഷ്ടതാരമായ മീര വാസുദേവ് ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'കല്യാണമരം'. ബാലതാരം ദേവനന്ദ അവതരിപ്പിക്കുന്ന 'മല്ലിക' എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനം കവരുമെന്ന് പ്രതീക്ഷിക്കുന്നു. ആതിര പട്ടേലും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങുന്നു.

പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നിർമ്മാതാവായ സജി കെ.ഏലിയാസ് ഒരു പരിസ്ഥിതി പ്രവർത്തകന്റെ വേഷത്തിലും എത്തുന്നുണ്ട്. രജീഷ് രാമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിദ്യ രാജേഷാണ് കഥ രചിച്ചിരിക്കുന്നത്. പ്രദീപ് കെ. നായർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും അജയ് ജോസഫ് സംഗീതവും നിർവ്വഹിക്കുന്നു.