മുംബൈ: ബോളിവുഡിലെ സൂപ്പര്‍ താരങ്ങളൊടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഹിന്ദി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അവര്‍ തന്റെ അടുത്ത സുഹൃത്തുക്കളാണ് കങ്കണ പറഞ്ഞു. എന്നാല്‍ ഖാന്മാരുമായി അഭിനയിക്കില്ലെന്ന തീരുമാനം മനപ്പൂര്‍വമാണെന്നും നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ഖാന്മാരെല്ലാം എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും എന്നോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. ഒരിക്കല്‍ പോലും അവര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്നാല്‍ ഖാന്‍മാരുടെ സിനിമകള്‍ ഞാന്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്.

സിനിമയില്‍ എന്നോട് മോശമായി പെരുമാറിയവരുണ്ട് .എന്നാല്‍ അതില്‍ ഖാന്‍മാര്‍ ഇല്ല. ഇവരുടെ സിനിമയില്‍ നായികക്ക് പ്രധാന്യമില്ലാത്തതുകെണ്ടാണ് ചെയ്യാത്തത്. ഒരു പാട്ടും രണ്ട് സീനും മാത്രമാണ് നായികമാര്‍ക്ക് ഉണ്ടാവുക. എനിക്ക് അത് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാതൃകയാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഖാന്‍മാരും കപൂറും കുമാര്‍മാരൊന്നും നിങ്ങളെ വിജയിപ്പിക്കില്ല. ഞാന്‍ രണ്‍ബീര്‍ കപൂറിന്റേയും അക്ഷയ് കുമാറിന്റേയും സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. നായകന്മാരെ മാത്രം വിജയിപ്പിക്കുന്ന നായികയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് സ്വന്തമായി വിജയിക്കാനാകും. അതിന് ഉദാഹരണം ഞാന്‍ തന്നെയാണ് - കങ്കണ പറഞ്ഞു.