കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കരം' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പുറത്ത്. ശ്വേതാ മേനോന്റെ ക്യാരറ്റർ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. നന്ദിത ബോസ് എന്ന കഥാപാത്രമായി താരം എത്തുന്നത്. സെപ്റ്റംബർ 25ന് ചിത്രം തീയേറ്ററുകളിലെത്തും.

'ഫേസസ് ഓഫ് കരം' എന്ന ടാഗ് ലൈനോടെയാണ് സിനിമയുടെ ഓരോ കഥാപാത്രങ്ങളുടെയും പോസ്റ്ററുകൾ പുറത്തിറങ്ങുന്നത്. ഇതിനോടകം ചിത്രത്തിലെ മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ആകാംഷ നിറയ്ക്കുന്ന ട്രെയിലർ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ ആക്ഷൻ ത്രില്ലർ ചിത്രമെന്ന പ്രത്യേകതയും 'കരം' സിനിമയ്ക്കുണ്ട്. 'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് നിർമ്മാണം. നോബിൾ ബാബു ചിത്രത്തിലെ നായകനാകുന്നു. 'തിര' എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണിത്.

മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ ചിത്രമായ 'സി.ഐ.ഡി' പുറത്തിറങ്ങി 70 വർഷം തികയുന്ന വേളയിലാണ് മെറിലാൻഡ് സിനിമാസ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്. ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തി തുടങ്ങിയ വിദേശ ലൊക്കേഷനുകളിൽ ഒരുങ്ങുന്ന ഈ ചിത്രം വലിയ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്.