കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'കരം' സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും. 'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻ്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് 'കരം' നിർമ്മിക്കുന്നത്.

സെപ്തംബർ 25ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ആകാംഷയും ഉദ്വേഗവും നിറഞ്ഞ രംഗങ്ങളുള്ള ട്രെയിലർ ചിത്രത്തിൻ്റെ വ്യത്യസ്ത ശൈലി വ്യക്തമാക്കുന്നു. വിനീത് ശ്രീനിവാസൻ സാധാരണയായി ചെയ്യാറുള്ള പ്രണയ, സൗഹൃദ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ഉറ്റുനോക്കുന്നത്. 'ഫേസസ് ഓഫ് കരം' എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക പ്രശംസ നേടി.

'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ നിർമ്മാതാവായി എത്തുന്ന ചിത്രമാണിത്. നോബിൾ ബാബു ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 'തിര' എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം കൂടിയാണ് 'കരം'. 1955ൽ മെറിലാൻഡ് പുറത്തിറക്കിയ 'സിഐഡി' എന്ന ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ചാണ് മെറിലാൻഡ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നത്.

ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തി തുടങ്ങിയ വിദേശരാജ്യങ്ങളിലായാണ് ചിത്രത്തിൻ്റെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായത്. ഷിംല, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ ചിത്രീകരണവും കൊച്ചിയിൽ ഒരു ദിവസത്തെ ചിത്രീകരണവും മാത്രമാണ് നടന്നത്. ഒരു വർഷത്തോളം നീണ്ട പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമാണ് ചിത്രം പൂർത്തിയായത്.