കൊച്ചി: ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രകമ്പനം' എന്ന പുതിയ മിസ്റ്റിക് കോമഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ പുറത്തിറക്കിയത്. സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വിജേഷ് പാണത്തൂർ ആണ് 'പ്രകമ്പനം' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും അദ്ദേഹത്തിന്റേതാണ്. നവാഗതനായ ശ്രീഹരി വടക്കൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഈ ചിത്രം തിയേറ്ററുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് പുറത്തിറങ്ങിയ മോഷൻ പോസ്റ്റർ.

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശീതൾ ജോസഫാണ് നായിക. 'പണി' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രം ചെയ്ത സാഗർ സൂര്യയും, തനതായ ഹാസ്യശൈലിക്ക് പേരുകേട്ട ഗണപതിയും ഒന്നിക്കുന്നതിനാൽ 'പ്രകമ്പന'ത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്.