ഓസ്‌കര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് താരവുമായ കേറ്റ് വിന്‍സ്ലെറ്റ് സംവിധായികയാകുന്നു. നെറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ഒരുക്കുന്ന ഫാമിലി ഡ്രാമയാണ് താരം ആദ്യം സംവിധാനം ചെയ്യുന്നത്. ഗുഡ് ബൈ ജൂണ്‍ എന്നാണ് സിനിമയുടെ പേര്.

ചിന്നിച്ചിതറിപ്പോയ ഒരു കൂട്ടം സഹോദരങ്ങള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒന്നിച്ചെത്തേണ്ടിവരികയും ഇവര്‍ നേരിടുന്ന ചില പ്രശ്നങ്ങളുമാണ് ചിത്രത്തിന്റ ഉള്ളടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ത്തമാന കാല ഇംഗ്ലണ്ടാണ് കഥാ പശ്ചാത്തലം. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങും.

സംവിധാനം, അഭിനയം എന്നിവയ്ക്ക് പുറമെ സിനിമയുടെ നിര്‍മാണത്തിലും താരം പങ്കാളിയാണ്. ടോണി കോളറ്റ്, ജൊണി ഫ്ളിന്‍, ആന്‍ഡ്രിയ റൈസ്ബറോ, തിമോത്തി സ്പാല്‍,ഹെലന്‍ മിറന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുക. ടൈറ്റാനിക്കിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച കേറ്റ് വിന്‍സ്ലെറ്റ് ദി റീഡര്‍, ഹാമ്ലറ്റ് തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച താരമാണ്. എമ്മി, ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് കേറ്റ് വിന്‍സ്ലറ്റ്.