- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൂരം കോടിയേറി മക്കളെ..'; പ്രതീക്ഷ നൽകി ജയസൂര്യ ചിത്രത്തിന്റെ അപ്ഡേറ്റ്; 'കത്തനാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പ്രഖ്യാപനം എത്തിയത് മുതൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് 'കത്തനാർ'. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കി. മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്ന ചിത്രമായിരിക്കും കത്തനാർ എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. വിർച്വൽ പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ' ആർ.രാമാനന്ദ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദേശീയ അവാർഡ് നേടിയ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒന്നര വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂർത്തിയായിരുന്നു. കടമറ്റത്ത് കത്തനാരുടെ കഥകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
എന്നാൽ, കാലങ്ങളായി കേട്ട് ശീലിച്ച കഥകളിൽ നിന്ന് വ്യത്യസ്തമായി കത്തനാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംസ് വീഡിയോ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും കത്തനാർ എന്ന് പ്രതീക്ഷിക്കുന്നു.
ചിത്രത്തിൽ ജയസൂര്യയെ കൂടാതെ തെലുങ്ക് താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു. മലയാളത്തിൽ നിന്ന് വിനീത്, കോട്ടയം രമേശ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മുപ്പതിലധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.