കൊച്ചി: ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം ‘കാട്ടാളൻ’റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണി വർഗീസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ആന്റണി വർഗീസ് എത്തുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ പുറത്തിറങ്ങിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘കാട്ടാളൻ’.

തായ്‌ലൻഡിൽ ആനയുമായിട്ടുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആന്റണി വർഗീസ് നിലവിൽ വിശ്രമത്തിലാണ്. ലോകപ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കുന്നത്.

സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന ഉണ്ണി ആർ, ഛായാഗ്രഹണം രണെദിവെ, എഡിറ്റിംഗ് ഷമീർ മുഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.