കൊച്ചി: 'കാട്ടാളന്‍' സിനിമ ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രമായി. സുനിലും കബീര്‍ ദുഹാന്‍ സിങും സിനിമയുടെ ഭാഗമാകും എന്നാണ് പുറത്തുവരുന്ന വിവരം. നവാഗതനായ പോള്‍ ജോര്‍ജ്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണ് കാട്ടാളന്‍.

പുഷ്പ, ജയിലര്‍, ഗുഡ് ബാഡ് അഗ്ലി, അല വൈകുണ്ഡപുരമുലൂ, മാവീരന്‍, മാര്‍ക്ക് ആന്റണി, മഗധീര തുടങ്ങി ഒട്ടേറെ സിനിമകളില്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ സുനില്‍. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള സുനില്‍ ഇതിനകം ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇതാദ്യമായാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്.

ഇന്ത്യന്‍ സിനിമയിലെ അതിശക്തരായ ഓണ്‍-സ്‌ക്രീന്‍ വില്ലന്മാരില്‍ പ്രധാനിയായ കബീര്‍ ദുഹാന്‍ സിംഗ് ' മാര്‍ക്കോ'യിലൂടെ 'ദ മോസ്റ്റ് ബ്രൂട്ടലിസ്റ്റിക് വില്ലന്‍' എന്ന് പേരെടുത്തു കഴിഞ്ഞിട്ടുണ്ട്. 'തമിഴില്‍ 'വേതാള'ത്തിലും 'കാഞ്ചന 3' യിലും അഭിനയിച്ച് ശ്രദ്ധേയനായ കബീര്‍ വീണ്ടും മലയാളത്തില്‍ അമ്പരപ്പിക്കാന്‍ എത്തുകയാണ്. 'കാട്ടാളനി'ല്‍ കിടിലന്‍ മേക്കോവറില്‍ ഇരുവരും എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്.

ചിത്രത്തില്‍ ആക്ഷനൊരുക്കാന്‍ എത്തുന്നത് പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണെന്ന് സൂചന. കെച്ച കെംബഡികെയെ നേരില്‍ കണ്ട് സംസാരിക്കുന്ന വീഡിയോ 'കാട്ടാളന്‍' ടീം പുറത്തുവിട്ടിരുന്നു. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം 'കാട്ടാളനി'ലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍.

ആന്റണി പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്. രെണദേവാണ് ഛായാഗ്രാഹകന്‍. ഓഡിയോഗ്രഫി- എം ആര്‍ രാജാകൃഷ്ണന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ- ആതിര ദില്‍ജിത്ത്.