കൊച്ചി: ആന്റണി വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളന്റെ' രണ്ടാം ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിൽ ആനവേട്ടയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ പോസ്റ്റർ, ആന്റണി വർഗീസ് ഇതുവരെ അവതരിപ്പിക്കാത്ത മാസ്സ് ലുക്കാണ് അനാവരണം ചെയ്യുന്നത്. 2026 മെയ് 14-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ഈ ചിത്രം, വൻ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, മാസിന്റെയും ആക്ഷന്റെയും കാര്യത്തിൽ നിർമ്മാതാവിന്റെ മുൻ ചിത്രമായ 'മാർക്കോ'യെയും വെല്ലുവിളിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 16-ന് പുറത്തിറങ്ങും. ചിത്രീകരണം പൂർത്തിയാകുന്നതിന് മുൻപേ തന്നെ മലയാള സിനിമയിലെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്നായ കാട്ടാളൻ, നിരവധി പ്രീ-റിലീസ് റെക്കോർഡുകളും ഭേദിച്ചിട്ടുണ്ട്.

വിദേശ റിലീസിനായി ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെംബാക്ഡിയും അദ്ദേഹത്തിന്റെ ടീമും ചേർന്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ തായ്‌ലൻഡിൽ ഒരുക്കിയത്. 'ഓങ് ബാക്ക്' സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ കെച്ചയുടെ സാന്നിധ്യം ചിത്രത്തിന്റെ ആക്ഷൻ നിലവാരം ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. 'ഓങ് ബാക്ക്' സീരീസിലൂടെ ശ്രദ്ധേയനായ 'പോങ്' എന്ന ആനയും 'കാട്ടാളന്റെ' ഭാഗമാകുന്നുണ്ട്.

'കാന്താര', 'മഹാരാജ' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് ആണ് 'കാട്ടാളന്' സംഗീതം ഒരുക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ഈ ചിത്രത്തിൽ, 'പുഷ്പ', 'ജയിലർ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, 'മാർക്കോ' ഫെയിം കബീർ ദുഹാൻ സിംഗ്, 'പുഷ്പ' താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്.