- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് ഒരു 'ഫ്ളോ'യിൽ അങ്ങ് പറഞ്ഞ് പോയതാണ്; സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം; അല്ലു അർജുനും '42' നിബന്ധനങ്ങളും; ഒടുവിൽ സത്യങ്ങൾ തുറന്നുപറഞ്ഞ് കാവേരി ബറുവ

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ ഉന്നയിച്ച '42 കർശന നിയമങ്ങൾ' എന്ന ആരോപണത്തിൽ മാധ്യമപ്രവർത്തക കാവേരി ബറുവ മാപ്പ് പറഞ്ഞ് പിൻവാങ്ങി. താൻ നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സമ്മതിച്ച അവർ, താരത്തിനുണ്ടായ മാനഹാനിയിൽ ഖേദം പ്രകടിപ്പിച്ചു.
'സ്വീകൃതി ടോക്സ്' എന്ന പോഡ്‌കാസ്റ്റിലായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ. അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയിരുന്നതായും, "സാറിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, ഫോൺ ഉപയോഗിക്കരുത്" തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടായിരുന്നതായും തന്റെ ഫോൺ ബോഡിഗാർഡ് പിടിച്ചുവാങ്ങിയതായും അവർ ആരോപിച്ചിരുന്നു.
ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉയരുകയും താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് വിമർശനങ്ങൾ വരുകയും ചെയ്തതോടെ അല്ലു അർജുൻ ആരാധകർ ശക്തമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കാവേരി ബറുവ വിശദീകരണവുമായി രംഗത്തെത്തിയത്. 42 നിയമങ്ങൾ അടങ്ങിയ യാതൊരു രേഖയും അല്ലു അർജുന്റെ ടീം തനിക്ക് നൽകിയിട്ടില്ലെന്നും, സംസാരത്തിനിടയിൽ വന്ന ഒഴുക്കിൽ പറഞ്ഞുപോയ കാര്യങ്ങളാണെന്നും അവ വസ്തുതകളായി കാണരുതെന്നും അവർ വ്യക്തമാക്കി. താരത്തോട് വലിയ ബഹുമാനമാണുള്ളതെന്നും, അദ്ദേഹത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനകൾ പൂർണ്ണമായും പിൻവലിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിവാദമായ അഭിമുഖത്തിന്റെ വീഡിയോ സൈബറിടത്തിൽ നിന്ന് നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. കാവേരിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായതിനാലാണ് വീഡിയോ മാറ്റിയതെന്ന് പോഡ്‌കാസ്റ്റ് അവതാരക സ്വീകൃതി പറഞ്ഞു. നേരത്തെ അല്ലു അർജുന്റെ ടീമിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ച സ്വീകൃതിയും ഇപ്പോൾ തന്റെ നിലപാടിൽ മാറ്റം വരുത്തി മാപ്പ് പറഞ്ഞിട്ടുണ്ട്. സിനിമാ വ്യവസായത്തിലെ രീതികളെക്കുറിച്ച് സംസാരിക്കാനാണ് വീഡിയോ ലക്ഷ്യമിട്ടതെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.
കാവേരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അല്ലു അർജുന്റെ പ്രതിനിധികളും രംഗത്തെത്തിയിരുന്നു. താരം എപ്പോഴും മാന്യമായാണ് പെരുമാറുന്നതെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിലുള്ള മാപ്പ് പറച്ചിലോടെ ഈ വിവാദത്തിന് തൽക്കാലം വിരാമമായിരിക്കുകയാണ്.


