കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിലെ നടി കിയാര അദ്വാനിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ 'നാദിയ' എന്ന കഥാപാത്രത്തെയാണ് കിയാര അവതരിപ്പിക്കുന്നത്. യാഷ് പ്രധാന നായകനായി എത്തുന്ന ഈ ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ യാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

രക്തം പുരണ്ട ബാത്ത് ടബ്ബിൽ പരുക്കൻ ഭാവത്തിൽ, ശരീരത്തിൽ ടാറ്റൂകളോടെയുള്ള യാഷിന്റെ ലുക്ക് ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. യാഷും ഗീതു മോഹൻദാസും ഒരുമിക്കുമ്പോൾ ഒരു മികച്ച ചിത്രം പ്രതീക്ഷിക്കുന്ന പ്രേക്ഷകർ ആകാംഷയോടെയാണ് ടോക്സിക്കിനായി കാത്തിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

'കെജിഎഫ്' ചിത്രങ്ങളിലൂടെ യാഷിനൊപ്പം പ്രവർത്തിച്ച് ശ്രദ്ധേയനായ രവി ബസ്രൂർ സംഗീതം ഒരുക്കുന്നു. ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി പി ആബിദ് പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു. 'ജോൺ വിക്ക്' സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയും ദേശീയ അവാർഡ് ജേതാവായ അൻബറിവും ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഗീതു മോഹൻദാസിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് 'ടോക്സിക്'. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ 'മൂത്തോൻ' എന്ന ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടുകയും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. 2014-ൽ നവാസുദ്ധീൻ സിദ്ധിഖി, ഗീതാഞ്ജലി ഥാപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ലയേഴ്‌സ് ഡൈസ്' ആയിരുന്നു ഗീതു മോഹൻദാസിന്റെ ആദ്യ ഫീച്ചർ സിനിമ.