ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പർ താരമാണ് കിച്ച സുദീപ്. ഈച്ച എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാള സിനിമ ആസ്വാദകർക്കും സുപരിചിതനാണ് താരം. കിച്ച സുദീപിന്‍റെ ഭാര്യ പ്രിയ സുദീപ് ഒരു മലയാളിയാണെന്ന കാര്യം അധികം ആർക്കും അറിയാൻ വഴിയില്ല. 2001 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് സാന്‍വി എന്ന ഒരു മകള്‍ ഉണ്ട്. ഇപ്പോഴിതാ കിച്ച സുദീപ് ഒരു വേദിയില്‍ ഭാര്യക്കായി ഗാനം ആലപിക്കുന്ന വീഡിയോ വൈറലാവുകയാണ്. മലയാളത്തിലെ ഒരു പ്രശസ്ത ഗാനമാണ് അദ്ദേഹം പാടുന്നത്.



കന്നഡ ടെലിവിഷൻ ചാനലായ സീ കന്നഡയിലെ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കന്നഡയില്‍ അതിഥിയായി എത്തിയപ്പോഴാണ് കിച്ച സുദീപ് കാന്താ ഞാനും വരാം എന്ന പാട്ട് പാടിയത്. നല്ല മലയാളത്തിലും അതേ ഈണത്തിലും സുദീപ് ആലപിക്കുന്ന വീഡിയോ പ്രചരിച്ചതോടെ അത്തംവിട്ടിരിക്കുകയാണ് മലയാളികൾ.

അതേസമയം മാക്സ് ആണ് കിച്ച സുദീപിന്‍റെ ഏറ്റവും പുതിയ റിലീസ്. വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. വരലക്ഷ്മി ശരത്കുമാര്‍, സുനില്‍, ഇളവരശ്, ഉഗ്രം മഞ്ജു, സംയുക്ത ഹൊര്‍നാഡ്, ശരത് ലോഹിതാശ്വ, വംശി കൃഷ്ണ, ആടുകളം നരേന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്.