- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർക്കുള്ള പിറന്നാൾ സമ്മാനവുമായി 'കിങ് ഖാൻ'; സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ സ്റ്റൈലിഷായി ഷാരൂഖ്; സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രത്തിൻെറ ടൈറ്റിൽ വിഡിയോ പുറത്ത്
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'കിങ്'ന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വിഡിയോ പുറത്തിറങ്ങി. നടൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്. തുടർച്ചയായ പരാജയങ്ങൾക്കും ശേഷം ഷാരൂഖിന് ഒരു മികച്ച തിരിച്ചുവരവ് നൽകിയ 'പത്താൻ' സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദിനൊപ്പമാണ് താരം വീണ്ടും ഒന്നിക്കുന്നത്.
'കിങ്' എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ സ്റ്റൈലിഷായാണ് താരം എത്തുന്നത്. 'പത്താൻ' ശേഷം സിദ്ധാർത്ഥ് ആനന്ദും ഷാരൂഖും വീണ്ടും ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിനായി കൈകോർക്കുന്നു. വിഡിയോയിൽ ഷാരൂഖിന്റെ തീപ്പൊരി നിറഞ്ഞ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഷാരൂഖ് ഖാൻ അനുഭവം സമ്മാനിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ചിത്രത്തിൻ്റെ റിലീസ് 2026ൽ ആയിരിക്കും.
നേരത്തെ, 'ഓർക്കുക, ഒരൊറ്റ രാജാവേയുള്ളൂ' എന്ന സിദ്ധാർത്ഥ് ആനന്ദിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചിത്രത്തെക്കുറിച്ചുള്ള ആകാംഷ വർദ്ധിപ്പിച്ചിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ജിയോ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സുജോയ് ഘോഷ്, സാഗർ പാണ്ഡ്യ, സുരേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. അബ്ബാസ് ടയർവാലയാണ് സംഭാഷണ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഷാരൂഖിന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദീപിക പദുക്കോൺ നായികയാവുന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ, അർഷദ് വാർസി, ജയ്ദീപ് അഹ്ലാവത്ത്, രാഘവ് ജുയാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. കൂടാതെ റാണി മുഖർജി, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.




