തിരുവനന്തപുരം: ഓണത്തിനെത്തുന്ന ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും തീയ്യതി പുറത്തുവിട്ട് രണ്ട് ചിത്രങ്ങള്‍ മാത്രം.ടോവിനോ തോമസ് നായകനായ എ ആര്‍ എം നു പിറകെ ആസിഫ് അലിയുടെ കിഷ്‌കിന്ദ കാണ്ഡവും ഓണത്തിനെത്തുമെന്ന് ഉറപ്പായി.ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 12 ന് ആണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം.'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ടീസറിന് പിന്നാലെ ജഗദീഷ്, അശോകന്‍, നിഷാന്‍, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'സുമദത്തന്‍' എന്ന കഥാപാത്രമായി ജഗദീഷും 'ശിവദാസന്‍' എന്ന കഥാപാത്രമായ് അശോകനും വേഷമിടുന്ന ചിത്രത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ 'സുധീറി'നെയാണ് നിഷാന്‍ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലൂടെ നീണ്ട കാലയളവിനൊടുവില്‍ നിഷാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ തമിഴിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും ഭാഗമായ നിഴല്‍കള്‍ രവി തീര്‍ത്തും ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'അമൃത് ലാല്‍' എന്നാണ് നിഴല്‍കള്‍ രവിയുടെ കഥാപാത്രത്തിന്റെ പേര്. 'ഇടുക്കി ഗോള്‍ഡ്' എന്ന ചിത്രത്തിലൂടെ അഭിയത്തിലേക്ക് ചുവടുവെച്ച താരമാണ് ഷെബിന്‍ ബെന്‍സണ്‍. ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരം ഈ ചിത്രത്തില്‍ 'പ്രശോഭ്' എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്.