രജനികാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ കൂലിയിലെ വിഡിയോ സോങ് പ്രൊമോ പുറത്ത് വിട്ട് സണ്‍ പിക്‌ചേഴ്‌സ്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ചികിടു വൈബ് എന്ന് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ആറിവ് ആണ്.

രജനി ചിത്രങ്ങളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് കൂലിയുടെയും സംഗീതം ചെയ്തിരിക്കുന്നത്. ടി രാജേന്ദര്‍, അറിവ്, അനിരുദ്ധ് രവിചന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ലിയോയ്ക്ക് ശേഷം ലോകേഷിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് കൂലി.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്രുതി ഹാസന്‍, നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.